ഹര്‍ത്താല്‍ അനുകൂലികള്‍ വന്‍ അക്രമം അഴിച്ചു വിടുന്നു, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

single-img
13 October 2016
തിരുവനന്തപുരം സ്റ്റാച്യുവിലെ സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നു

തിരുവനന്തപുരം സ്റ്റാച്യുവിലെ സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നു

സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ബിജെപി ഹര്‍ത്താലില്‍ അക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് വാര്‍ത്ത ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.

harthal6

ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് വാര്‍ത്താ സംഘത്തെ ഇവര്‍ തടഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറാമാന്‍ മഹേഷ്, ജനം ടിവിയുടെ ക്യാമറാമാന്‍ സുജിത്ത്, ഡ്രൈവര്‍ മുകേഷ് എന്നിവരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു.

harthal4

തൃശൂരിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി. ബിജെപിയുടെ പ്രകടനത്തിനിടെ സ്വരാജ് റൗണ്ടില്‍ വച്ചാണ് അക്രമം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ്, എസിവി, ജീവന്‍ ടിവി എന്നീ ചാനലുകളുടെ ക്യാമറാമന്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കൊച്ചിയില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും തടയുന്നുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ജനങ്ങളെ സഹായിക്കാനെത്തുന്ന ‘സേ നോ ടു ഹര്‍ത്താല്‍’ പ്രവര്‍ത്തകരുടെ വാഹനങ്ങളും കൊച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂരില്‍ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവിടെ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

harthal7

കോട്ടയത്ത് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പൊലീസിനു നേരെ കല്ലേറുണ്ടായി. പാലായില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോട്ടയം നഗരത്തില്‍ സിപിഐ(എം)ന്റെ കൊടിമരം ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളിയിലെ തഴവയില്‍ ഒരു ഡോക്ടറുടെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തു.

harthal3

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ തുറന്നുകിടന്ന ചില കടകളുടെ ബോര്‍ഡുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ട ബിജെപി പ്രവര്‍ത്തകര്‍ ക്യാമറകള്‍ തകര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ കമല്‍നാഥ്, മാതൃഭൂമി ഓണ്‍ലൈന്‍ ലേഖകന്‍ എസ് ആര്‍ ജിതിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. യുഎന്‍ഐ ക്യാമറാമാന്‍ സുനീഷിന്റെ ക്യാമറയാണ് തകര്‍ത്തത്. സമാധാനപരമായി നടന്ന മാര്‍ച്ചിനിടെ ഒരു വിഭാഗം സ്റ്റാച്യു ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരവും ഫ്‌ളക്‌സുകളും തല്ലിത്തകര്‍ത്തു. ഇത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ടൈംസ് ഓഫ് ഇന്ത്യയിലെ ദീപപ്രസാദ്, ദേശാഭിമാനിയിലെ എല്‍വി ജോണ്‍സണ്‍ എന്നിവരുടെയും ക്യാമറകള്‍ നശിപ്പിച്ചു.

harthal5

തിരുവനന്തപുരം ബിഗ് ബസാറിന് സമീപം വച്ച് ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് സമര അനുകൂലികള്‍ തകര്‍ത്തു. ഡിവൈഎഫ്‌ഐ പെരുന്താണി ലോക്കല്‍ കമ്മിറ്റിയുടെ ആംബുലന്‍സ് ആണ് തകര്‍ത്തത്.

harthal9