ഹര്‍ത്താലിനിടെ കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

single-img
13 October 2016

murder

സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സിറ്റി പൂവപ്പ് ഫറൂഖ്(45) ആണ് മരിച്ചത്. ഫറൂഖിനെ കൊലപ്പെടുത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ റൗഫിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകത്തിന് ഹര്‍ത്താലുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്‍പ്പന സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

സിറ്റി ബര്‍മ്മ ഹോട്ടല്‍ പരിസരത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കഴുത്തിലും വയറിലും കുത്തേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

അതേസമയം മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിക്കുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് കണ്ണൂര്‍ ജില്ലയിലാകമാനം ഒരുക്കിയിരിക്കുന്നത്. പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെ ഫറൂഖിനെ കുത്തിയ റൗഫ് ഓടി രക്ഷപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ഇയാള്‍ പോലീസ് പിടിയിലായി.

കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ തുടരുകയാണ്. തിരുവനന്തപുരം കുഞ്ചാലുമൂട്ടില്‍ ബിജെപിയും ലീഗും തമ്മിലാണ് സംഘര്‍ഷമുള്ളത്.