ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു

single-img
13 October 2016

ep-jayarajan-jpg-image-784-410

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം യൂണിറ്റ് രണ്ടാണ് ജയരാജനെതിരെ അന്വേഷണം നടത്തുക.

നിയമവിദഗ്ധരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ആസ്ഥാനത്തെത്തിയ നിയമവിദഗ്ധരുടെ സംഘം ജേക്കബ് തോമസുമായി ഇന്ന് രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഈ വിഷയത്തിലെ വിജിലന്‍സ് നടപടി നാളെ അറിയിക്കണമെന്ന് വിജിലന്‍സ് കോടതിയും ഉത്തരവിട്ടിരുന്നു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. ഇതുകൂടി കണക്കിലെടുത്താണ് വിജിലന്‍സ് ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ഡയറക്ടറും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വകാര്യ വാഹനത്തില്‍ ക്ലിഫ് ഹൗസിലെത്തിയ വിജിലന്‍സ് ഡയറക്ടര്‍ ഇരുപത് മിനിറ്റോളമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 131 ഡിയും 15 പ്രകാരവും കേസെടുക്കാമെന്നാണ് നിയമോപദേശം ലഭിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്ത് സ്വന്തമായോ മറ്റുള്ളവര്‍ക്കോ അന്യായമായ സഹായം ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പുകള്‍.