ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിച്ചാല്‍ ഇനി പണി കിട്ടും

single-img
13 October 2016

smoking-in-public-places-2

ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനെതിരെ കര്‍ശന നിയന്ത്രണം വരുന്നു. ഇത് വ്യവസ്ഥ ചെയ്യുന്ന പുകയില നിയന്ത്രണം സംബന്ധിച്ച 2016ലെ പത്താം നമ്പര്‍ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ പ്രാബല്യത്തിലാകും. സ്ഥാപനങ്ങളിലും മറ്റും പുകവലിക്കും പുകയില ഉത്പന്നങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കരട് നിയമത്തിന് നേരത്തെ ഉപദേശക കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.

നിയമലംഘനം നടത്തിയാല്‍ ജപ്തി ചെയ്യാനോ പുകയില ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കാനോ കയറ്റുമതി ചെയ്യുന്നതിനോ കോടതിക്ക് ഉത്തരവിടാം. നിയമലംഘനം നടത്തുന്ന സ്ഥാപനം പരമാവധി മൂന്ന് മാസം വരെ അടച്ചിടാനും കോടതിക്ക് ഉത്തരവിടാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനം സ്വന്തം ചെലവില്‍ കോടതി ഉത്തരവ് രണ്ട് പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.

അടച്ചിട്ട പൊതുസ്ഥലങ്ങള്‍ക്കുള്ളില്‍ പുകവലിച്ചാല്‍ മൂവായിരം റിയാല്‍ വരെ പിഴ ഈടാക്കുന്നതാണ് പുതിയ നിയമം. തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ പിഴശിക്ഷ ആറിരട്ടിയായി വരെ വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. നിലവില്‍ ഇത്തരം സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ പിഴതുക 500 റിയാലായിരുന്നതാണ് പുതിയ നിയമത്തില്‍ മൂവായിരം റിയാലാക്കി വര്‍ധിപ്പിച്ചത്.

പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നയാള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യാപാരികള്‍ ഉറപ്പാക്കിയിരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില വില്‍ക്കുന്നതുള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ പിഴയും ആറുമാസം ജയില്‍ ശിക്ഷയും ലഭിക്കത്തക്കവിധത്തില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

സ്‌കൂളുകള്‍, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സിഗരറ്റോ മറ്റ് പുകയില ഉത്പന്നങ്ങളോ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തെ അരകിലോമീറ്ററായിരുന്നു പരിധി നിശ്ചയിച്ചത്.