പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോഡി; ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രം പാകിസ്ഥാന്‍

single-img
16 October 2016

 

brics-summit-2016-image

പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ലോകവ്യാപകമാകുന്ന ഭീകരവാദം ഏഷ്യയ്ക്കും യൂറോപ്പിനും ഒരുപോലെ ഭീഷണിയാണ്.

നിര്‍ഭാഗ്യവശാല്‍ ഭീകരവാദത്തിന്റെ സുപ്രധാനമായ കേന്ദ്രം ഇന്ത്യയുടെ അയല്‍രാജ്യമാണെന്ന് അദ്ദേഹം പാകിസ്ഥാന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ പറഞ്ഞു. ഭീകരവാദത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ അംഗരാജ്യങ്ങളുടെ പിന്തുണ നേടുന്നതിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ലോകത്തെ എല്ലാ ഭീകരസംഘടനകളും ഈ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന തടസമാകാന്‍ സാധ്യത ഭീകരവാദമാണ്. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാന്‍ എല്ലാ ബ്രിക്‌സ് രാജ്യങ്ങളുടെയും സഹകരണം ആവശ്യമാണ്. ബ്രിക്‌സില്‍ അംഗമായ ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നുവെന്ന സാഹചര്യത്തിലായിരുന്നു ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയുടെ പ്രസ്ഥാവന. ഭീകരതയ്‌ക്കെതിരെ ബ്രിക്‌സിന് ഒരൊറ്റ ശബ്ദമായിരിക്കണം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഭീകരവാദത്തിനെതിരായ ചൈനയുടെ നിലപാട് വ്യക്തമാക്കാന്‍ ചൈനീസ് പ്രധാനമന്ത്രി തയ്യാറാകേണ്ടി വരും.