കളമശേരി സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പോസ്റ്റര്‍; പിന്നില്‍ വ്യവസായി ഫാല്‍ക്കണ്‍ മമ്മൂട്ടിയെന്ന് ആരോപണം

single-img
18 October 2016
എന്‍ എ മുഹമ്മദ് കുട്ടി (ഫാല്‍ക്കണ്‍ മമ്മൂട്ടി)

എന്‍ എ മുഹമ്മദ് കുട്ടി (ഫാല്‍ക്കണ്‍ മമ്മൂട്ടി)

കളമശേരിയില്‍ സിപിഎം ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രമുഖ വ്യവസായി ഫാല്‍ക്കണ്‍ മമ്മൂട്ടിയാണെന്ന് ആരോപണം. സക്കീര്‍ ഹുസൈന്‍ തന്നെയാണ് മമ്മൂട്ടിയാണ് ഇതിന് പിന്നിലെന്ന് ഇ വാര്‍ത്തയോട് വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കോട്ടയ്ക്കലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍ എ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി. നേരത്തെ സക്കീര്‍ ഹുസൈന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം ഇവര്‍ കൂലിക്ക് പോസ്റ്റര്‍ ഒട്ടിച്ചവരാണെന്നും അതിനാല്‍ ഇവരെ വെറുതെ വിട്ടുവെന്നും കളമശേരി എസ്‌ഐ ഇ വി ഷിബു അറിയിച്ചു. ഈ വിഷയം കോടതിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അപകീര്‍ത്തി കേസായതിനാല്‍ തുടര്‍ നടപടിക്ക് കളമശേരി കോടതിയുടെ നിര്‍ദേശം ആവശ്യമാണെന്നും സിഐ ജയകൃഷ്ണന്‍ അറിയിച്ചു.

ഗുരുതരമായ ആരോപണങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരുന്നത്. എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ സക്കീര്‍ ഹുസൈനെതിരെ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ആരോപിക്കുന്നു. കായികമന്ത്രി ഇ പി ജയരാജന്‍ രാജിവച്ചതിന് തൊട്ടുപിന്നാലെ ഈമാസം 15നാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതും സംഭവം ഗൗരവമായി എടുക്കാന്‍ ജില്ലാ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിച്ചു. ആലുവയിലെ ഒരു വ്യവസായിയുടെ മകനെ പാര്‍ട്ണര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുബായില്‍ പോയി ഒത്തുതീര്‍പ്പാക്കി. അതിന് ഒരു കോടി രൂപ ലഭിച്ചു.കളമശേരി നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി വി കെ ഇബ്രാഹിം കുഞ്ഞിനെ ജയിപ്പിച്ചതിന് പ്രതിഫലമായി കെട്ടിടം ലഭിച്ചു എന്നുതുടങ്ങി ദാവൂദ് ഇബ്രാഹിമിന്റെ അനുജനാണ് സക്കീര്‍ ഹുസൈന്‍ എന്നുവരെ പോസ്റ്ററില്‍ ആരോപണമുണ്ട്.

അതേസമയം മമ്മൂട്ടിക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്ന് സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പിടിയിലായവര്‍ തന്നെയാണ് വിദ്യാഭാരതി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമ കൂടിയായ മമ്മൂട്ടിയുടെ പേര് പറഞ്ഞതെന്നും സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

മമ്മൂട്ടിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി പോസ്റ്ററുകള്‍ തയ്യാറാക്കുന്ന ഒരാളാണ് പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ യുവാക്കളെ നിയോഗിച്ചത്. ഇതില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്. ഇവരില്‍ നിന്നും പോസ്റ്റര്‍ തയ്യാറാക്കിയ ആളെ മനസിലാക്കിയ പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് മമ്മൂട്ടിയുടെ പേര് പുറത്തുവന്നത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട ദിവസം പുലര്‍ച്ചെ 1.30നും മമ്മൂട്ടി ഇയാളെ വിളിച്ചിട്ടുണ്ടെന്ന് വ്യക്തമായി.

തങ്ങള്‍ക്കിടെ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അടുത്തിടെ കളമശേരിയില്‍ നടന്ന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആ ചടങ്ങില്‍വച്ച് ഫാല്‍ക്കണ്‍ മമ്മൂട്ടിയെ മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെക്കൊണ്ട് ഉപഹാരം നല്‍കി ആദരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്നും തനിക്ക് ഇയാളുമായി യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും വ്യക്തമാകുമെന്ന് സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കളമശേരിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചപ്പോള്‍ താന്‍ എതിര്‍ത്തത് മാത്രമാണ് ആകെ വൈരാഗ്യത്തിന് കാരണമാകാന്‍ സാധ്യതയെന്നും സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ഇതോതുടര്‍ന്നാണ് ഫാല്‍ക്കണ്‍ മമ്മൂട്ടി കോട്ടയ്ക്കലില്‍ സ്ഥാനാര്‍ത്ഥിയായത്. സിപിഎം സീറ്റ് കൊടുക്കില്ലെന്ന് വ്യക്തമായതോടെ എന്‍സിപി സ്ഥാനാര്‍ത്ഥിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായത്.

അതേസമയം പോസ്റ്ററില്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. താന്‍ ദുബായില്‍ പോയിട്ടില്ലെന്ന് തന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും. കൊച്ചിന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ താന്‍ 81 ലക്ഷം നിക്ഷേപിച്ചുവെന്നാണ് പോസ്റ്ററിലെ മറ്റൊരു ആരോപണം. എന്നാല്‍ എന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചാല്‍ അതിന്റെ സത്യാവസ്ഥയറിയാം. ആകെയുണ്ടായിരുന്ന ഒരു ലോണ്‍ എന്റെ ഭാര്യയുടെ പേരില്‍ സൗത്ത് കളമശേരിയിലെ അഞ്ച് സെന്റ് സ്ഥലം വിറ്റാണ് അടച്ചു തീര്‍ത്തത്. അതിനും തന്റെ കൈവശം രേഖകളുണ്ടെന്ന് സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. എന്നാല്‍ മമ്മൂട്ടിയുടെ സ്ഥാപനമായ ഫാല്‍ക്കണ്‍ നിരവധി ക്രമക്കേടുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏരൂര്‍ നഗരസഭയ്ക്ക് 38 ലക്ഷം രൂപയാണ് ഈ കമ്പനി നികുതിയായി നല്‍കാനുള്ളത്. ഇത് സംബന്ധിച്ച് നഗരസഭ കമ്പനിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഫാല്‍ക്കണ്‍ മമ്മൂട്ടിയുടെ പേരിലാണ് കേസ് കൊടുത്തിരിക്കുന്നതെന്നും കേസുമായി മുന്നോട്ട് പോകുകയാണെന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.