ഭീകരര്‍ കാശ്മീര്‍ ഉപേക്ഷിക്കുന്നു; നുഴഞ്ഞുകയറ്റം നേപ്പാള്‍ വഴിയാക്കാന്‍ നീക്കം

single-img
20 October 2016

 

terrorist-jpg-image-784-410

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള വഴിയായി കാശ്മീര്‍ ഉപയോഗിച്ചിരുന്ന പാകിസ്ഥാനിലെ ഭീകര പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറ്റത്തിന് പുതിയ വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇത്.

നേപ്പാളിലൂടെ ഇന്ത്യയിലേക്ക് കടക്കാനുള്ള പദ്ധതികളാണ് ഭീകരര്‍ പുതിയതായി തയ്യാറാക്കുന്നതെന്ന് ഇന്റലിജന്‍സ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തതായാണ് അറിയുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സുരക്ഷയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് തീരുമാനം. കൂടാതെ ഭീകരര്‍ക്ക് കടന്നുകയറാന്‍ എളുപ്പമുള്ള പ്രദേശങ്ങള്‍ എത്രയും വേഗം കണ്ടെത്താനും അവ കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

ചരക്ക്, ഗതാഗതം എന്നിവയ്ക്ക് മാത്രമായുള്ള ഒന്നോ രണ്ടോ ചെക്‌പോയിന്റുകള്‍ ഒഴിച്ച് ബാക്കിയുള്ളവ പൂര്‍ണമായി അടയ്ക്കാനും പദ്ധതി തയ്യാറാക്കും. പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ക്ക് നേപ്പാളില്‍ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നത് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാക്കുന്നു. പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാക് ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസിനും ദേശീയ സുരക്ഷ സേനയ്ക്കും ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.