മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ കാശ് മുടക്കണോ? നിര്‍ബന്ധിച്ച് കേള്‍പ്പിച്ച് ജനങ്ങളെ ഊറ്റി പിഴിയുന്ന മോഡിയുടെ പ്രസംഗം പൊതുജനങ്ങളെ വലക്കുന്നു

single-img
1 December 2016

modi-mann-ki-baat7591
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ സാധാരണക്കാരുടെ തലയില്‍ ഒരു കൂടം കൊംണ്ട് അടിക്കുകയായിരുന്നു. അതിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ നോട്ട് അസാധുവാക്കല്‍ പ്രസംഗം ഏത് സര്‍ക്കാര്‍ സര്‍വീസിന് വേണ്ടി വിളിച്ചാലും നിര്‍ബന്ധിതമായും കേള്‍ക്കേണ്ട അവസ്ഥ കൂടിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ഗ്യാസ് ബുക്ക് ചെയ്യാനായി ഒരു വീട്ടമ്മ ഏജന്‍സിയിലേക്ക് വിളിച്ചപ്പോള്‍ ”മേരെ പ്യാരി ദേശ് വാസി..” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒന്നര മിനിറ്റോളം നീളുന്ന പ്രസംഗമാണ് കേള്‍ക്കാന്‍ സാധിച്ചത്. നമ്പര്‍ തെറ്റിയോ എന്ന് സംശയത്തോടെ വീണ്ടും വീണ്ടും ഡയല്‍ ചെയ്തപ്പോള്‍ ഫോണിലെ ബാലന്‍സും കഴിഞ്ഞിരുന്നു.

കഥയല്ല ജനങ്ങളെ പിഴിയുന്ന മോഡി സര്‍ക്കാറിന്റെ പുതിയ പരിഷ്‌കാരമാണിത്. കള്ളപ്പണം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഗ്യാസ് ഏജന്‍സിയിലും കേള്‍ക്കാം. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം കഴിഞ്ഞ് വേണം ഗ്യാസ് ബുക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍. കോള്‍ ചാര്‍ജ് ഈടാക്കുന്ന പ്രസംഗങ്ങള്‍ സാധാരണണക്കാരെ ബുദ്ധിമുട്ടിക്കുന്നത് തന്നെയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കുമ്പോള്‍ വീട്ടുകാരുടെ വിലപ്പെട്ട സമയം പോകുന്നതിനോടൊപ്പം കോള്‍ ചാര്‍ജും ഈടാക്കുന്നുണ്ട്. ഭാരതം അഴിമതി മുക്തമാക്കാന്‍ വേണ്ടിയുള്ള പ്രസംഗം നാടിന് നല്ലത് തന്നെയാണ്. പക്ഷെ അതിന് സാധാരണക്കാരുടെ കഞ്ഞിയില്‍ ഇനിയും കല്ലിടണമോ എന്നത് മാത്രമാണ് ചോദ്യം. ഏത് വിഭാഗത്തില്‍പ്പെട്ട ആളായാലും കള്ളപ്പണനിയന്ത്രണം തടയാന്‍ സന്നദ്ധരാവണം. ഇന്ത്യയില്‍ നിന്നും കള്ളപ്പണത്തെ തുടച്ചു മാറ്റാം എന്നൊക്കെയാണ് മോദി പ്രസംഗത്തിലൂടെ പറയുന്നത്. ഇതിനും പിഴിയുന്നത് ജനങ്ങളെയാണ്.

നോട്ടു നിയന്ത്രണത്തിന്റെ പരിണിതഫലങ്ങളില്‍ നിന്നും ഇനിയും ഇന്ത്യ മുക്തമായിട്ടില്ല. കൊടും പട്ടിണിയും മാനസിക സംഘര്‍ഷങ്ങള്‍ മൂലമുണ്ടാവുന്ന മരണങ്ങളും കൂടി വരുകയാണ്. ആ സാഹചര്യത്തിലാണ് മോഡിയുടെ പ്രസംഗം നിര്‍ബന്ധമായി കേള്‍പ്പിക്കുകയും അതിന് പണം കൊടുക്കുകയും വേണ്ടത്. സത്യത്തില്‍ പൊതു ജനങ്ങളെ ഊറ്റി പിഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍.

നോട്ടു അസാുവാക്കലിന് ശേഷം അതിനോട് അനുബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ നിരവധി സംവിധാനങ്ങള്‍ ആരംഭിച്ചിരുന്നു. രണ്ടായിരം രൂപയുടെ നോട്ട് സ്‌കാന്‍ ചെയ്താല്‍ പ്രസംഗം കേള്‍ക്കാം എന്ന മോഡി കീ നോട്ട് എന്ന ആപ്പ് എല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ അതെല്ലാം താല്‍പര്യമുള്ളവര്‍ മാത്രം കേള്‍ക്കുന്നവയാണ്. ഇതിനിടയിലാണ് ജനങ്ങള്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഫോണ്‍ വഴി തേടുന്ന സഹായങ്ങള്‍ക്ക് കാശ് പിടിച്ചെടുത്തുമുള്ള പ്രസംഗം കേള്‍പ്പിക്കല്‍.