സാംസ്‌കാരിക അനുഭവം പൊതുസ്ഥലങ്ങളിലേക്കും പകര്‍ന്നു നല്‍കാനായി ഖത്തര്‍ മ്യൂസിയം വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നു

single-img
6 December 2016
201601270901213ദോഹ: പ്രശസ്ത ഇറാഖി കലാകാരന്‍ ദിയ അല്‍ അസ്സാവിയുടെ അപൂര്‍വ ശില്പങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനാച്ഛാദനം ചെയ്തു.
വിമാനത്താവളവുമായി സഹകരിച്ച് ഖത്തര്‍ മ്യൂസിയമാണ് ദിയയുടെ രണ്ട് അപൂര്‍വ ശില്പങ്ങള്‍ വിമാനത്താവളത്തില്‍ അനാച്ഛാദനം ചെയ്തത്. വിമാനത്താവളം വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ദിയയുടെ കലാവിരുത് നേരിട്ട് ആസ്വദിക്കാം. പ്രാദേശികതലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തമായ നിരവധി കലാകാരന്മാരുടെ അപൂര്‍വ സൃഷ്ടികള്‍ ഖത്തര്‍ മ്യൂസിയം വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ദിയയുടെ ശില്പങ്ങളും ഉള്‍പ്പെടുത്തിയത്.
ഇസ്ലാമിക ലോകത്തിലെ പ്രശസ്തനായ അബു ഫിര്‍നാസിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ദിയയുടെ രണ്ട് ശില്പങ്ങളും. ആധുനിക വര്‍ഷത്തിലേക്കുള്ള യാത്ര ആഘോഷിക്കുന്നതിനുള്ള സ്മാരകമായാണ് ഈ ശില്പങ്ങള്‍ നിര്‍മിച്ചത്. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ മെസ്സപ്പൊട്ടോമിയയില്‍ ഉണ്ടായിരുന്ന തൂണുകളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് സിലിന്‍ഡര്‍ ആകൃതിയിലുള്ള വലിയ രണ്ട് ശില്പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, അല്‍ റിവാഖിലെ ഖത്തര്‍ മ്യൂസിയം ഗാലറി എന്നിവിടങ്ങളില്‍ ദിയയുടെ അപൂര്‍വ സൃഷ്ടികളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ 16 വരെ പ്രദര്‍ശനം നീളും. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലും ദിയയുടെ ശില്പങ്ങള്‍ അനാച്ഛാദനം ചെയ്തത്. സാംസ്‌കാരിക അനുഭവം പൊതുസ്ഥലങ്ങളിലേക്കും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ മ്യൂസിയം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി അപൂര്‍വ കലാസൃഷ്ടികള്‍ സ്ഥാപിക്കുന്നത്.