റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല

single-img
7 December 2016

reserve bank

മുംബൈ:  പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനം തന്നെയാണ് റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയത്. നേരത്തെ, പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ 5.75 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍

നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് താല്‍ക്കാലികമായി ഉയര്‍ത്തിയ കരുതല്‍ ധനനാനുപാതം ഉടനെ പിന്‍വലിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. ഡിസംബര്‍ 10ഓടെയാകും നിലവില്‍ 100 ശതമാനമുള്ള സിആര്‍ആര്‍ പിന്‍വലിക്കുക. ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു വിപണിയില്‍ നിന്നുള്ള പ്രതീക്ഷ.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നാണ്യപ്പെരുപ്പത്തിന്റെ നിരക്ക് അഞ്ച് ശതമാനമായിരിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രവചനം. മൊത്തം ആഭ്യന്തര ഉത്പാദനം 7.6 ല്‍ നിന്നും 7.1 ശതമാനമായി താഴുമെന്നും പ്രവചനമുണ്ടായിരുന്നു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ, ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് വായ്പാ ഡിമാന്‍ഡ് ഉയര്‍ത്താനാകും ആര്‍.ബി.ഐ. ശ്രമിക്കുകയെന്ന പ്രതീക്ഷയായിരുന്നു വിദഗ്ധര്‍ ഉന്നയിച്ചിരുന്നത്.

എന്നാല്‍  വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതിനെതുടര്‍ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തിലായി. മൂന്ന് മണിയോടെ സെന്‍സെക്‌സ് 140ഉം നിഫ്റ്റി 38 പോയന്റുമാണ് ഇടിഞ്ഞത്.