കൊല്ലപ്പെട്ട മാവോവാദികളുടെ കൈയില്‍ നിന്നും 33 പെന്‍ഡ്രൈവുകള്‍ ലഭിച്ചു; കാടുകളില്‍ ആയുധപരിശീലനം നടന്നതായി തെളിവുകള്‍

single-img
9 December 2016

maoists-blurred

മലപ്പുറം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ കൈയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകളില്‍ നിന്ന് നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതായി തെളിവ്. 33 പെന്‍ഡ്രൈവുകളാണ് കൊല്ലപ്പെട്ട കുപ്പുസ്വാമിയില്‍ നിന്നും അജിതയില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. അതില്‍ നിന്നുമാണ് ആയുധപരിശീലനം നടന്നതിനെ പറ്റി വിവരങ്ങള്‍ ലഭിച്ചത്.

ഗ്രനേഡുകള്‍ അടക്കമുള്ളവ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ തെളിവും പെന്‍ഡ്രൈവുകളില്‍ ഉണ്ട്. ചാര്‍ട്ട് ചെയ്ത മാവോവാദികളുടെ ലിസ്റ്റും പൊലീസിന് ലഭിച്ചു. ചാര്‍ട്ട് പ്രകാരം രാവിലെ 6.50ന് ഹാജര്‍ വിളിക്കും. 6.50 മുതല്‍ വ്യായാമം, 9 മണിക്ക് പ്രാതല്‍, 9.30 മുതല്‍ പരിശീലനം, 12.30ന് ഉച്ചഭക്ഷണം, 2.30 മുതല്‍ ക്ലാസ്, 4.30 മുതല്‍ 5.30 വരെ വീണ്ടും പരിശീലനം, 5.30 മുതല്‍ 6.30 വരെ ഗ്രനേഡ് ഉപയോഗിക്കാനുള്ള പരിശീലനം ഇങ്ങനെയാണ് മാവോവാദികളുടെ ഒരു ദിവസത്തെ ചാര്‍ട്ട്. രാത്രി തുടര്‍ന്നും ക്ലാസുണ്ട്. പെന്‍ഡ്രൈവില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.