ഇന്നുമുതല്‍ മൂന്നുദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധി;എടിഎമ്മുകള്‍ നിറച്ചെന്ന് അധികൃതര്‍

single-img
10 December 2016

1478692334-1616

നോട്ട് നിരോധനത്തെ തുടര്‍ന്നുളള പ്രതിസന്ധി തുടരുന്നതിനിടെ ഇന്നുമുതല്‍ മൂന്നുദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധി. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നിവ അടുപ്പിച്ച് വന്നതോടെയാണ് തുടര്‍ച്ചയായ മൂന്നു ദിനങ്ങള്‍ അവധിയായത്.

ബാങ്കുകള്‍ അവധിയായതോടെ എടിഎമ്മുകളാണ് സാധാരണക്കാര്‍ക്ക്് ആശ്രയം . എന്നാല്‍ നിലവില്‍ പല എടിഎമ്മുകളും പ്രവര്‍ത്തന ക്ഷമമല്ല. ഇത് വീണ്ടും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കാന്‍ ഇടയുണ്ട്. എന്നാല്‍ മൂന്നുദിവസത്തെ ബാങ്ക് അവധി മുന്‍കൂട്ടി കണ്ട് എടിഎമ്മുകള്‍ നിറച്ചിട്ടുണ്ടെന്നാണ് ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് അവശ്യസേവനങ്ങള്‍ക്ക് പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. നേരത്തെ ഈ മാസം 15വരെ ഉപയോഗിക്കാം എന്നായിരുന്നു ആദ്യം ലഭിച്ച അറിയിപ്പ്. തുടര്‍ന്ന് ഇത് വെട്ടിച്ചുരുക്കുകയായിരുന്നു.

സര്‍ക്കാര്‍ ആവശ്യങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ആശുപത്രി, സര്‍ക്കാര്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും ഫീസ് എന്നിങ്ങനെയുളള ആവശ്യങ്ങള്‍ക്കായിരുന്നു പഴയനോട്ടുകള്‍ സ്വീകരിച്ചിരുന്നത്. ഇതാണ് ഇന്ന് അവസാനിക്കുന്നത്. ഇതോടെ രാജ്യത്ത് നിരോധിച്ച 500, 1000 നോട്ടുകളുടെ ഇടപാടുകള്‍ ഔദ്യോഗികമായി നിര്‍ത്തലാകും. അതേസമയം ഈ മാസം അവസാനം വരെ നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം.