കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് രാഷ്ട്രീയം കളിക്കുന്നു; എയിംസ് ഉടനൊന്നുമില്ലെന്ന് അറിയിപ്പ്

single-img
11 December 2016

pinarayi-nadda

കേരളത്തിന് ഉടനെയൊന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിന്റെ ആവശ്യം പിന്നീട് പരിഗണിക്കുമെന്ന് കത്തിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രി ഉറപ്പു പറയുന്നില്ല. ഇതിനിടെ കേരളം മാറി മാറി ഭരിക്കുന്ന മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നതിനാലാണ് എയിംസ് നഷ്ടമായതെന്ന് ബിജെപി പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് സ്വാധീനമില്ലാത്തതിനാലാണ് കേരളത്തിന് എയിംസ് അനുവദിക്കാത്തതെന്ന് വ്യക്തം. ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തിയുള്ളതും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയ്ക്ക് കാരണമാകാം.

2014 ജൂലൈയില്‍ അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷ വര്‍ധന്‍ ആണ് കേരളത്തില്‍ അഞ്ച് വര്‍ഷത്തിനകം എയിംസ് സ്ഥാപിക്കുമെന്ന് ലോക്‌സഭയില്‍ കെസി വേണുഗോപാലിനെ അറിയിച്ചത്. ഇതിനായി 200 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി അറിയിക്കുമ്പോള്‍ ആവശ്യം അനുഭാവപൂര്‍വം അറിയിക്കുമെന്നാണ് പറഞ്ഞിരുന്നത്.

കാലതാമസം ഒഴിവാക്കാനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റവന്യു ഭൂമി കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളുള്ള നാല് പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു. കോഴിക്കോട് കിനാരൂരില്‍ കെഎസ്‌ഐഡിസിയുടെ പക്കലുള്ള ഭൂമിയും തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോട് അനുബന്ധിച്ചുള്ള ഭൂമിയും കോട്ടയത്ത് ഗവ. മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള സ്ഥലവും എറണാകുളത്ത് എച്ച്എംടിയുടെ അധീനതയിലുള്ള സ്ഥലവുമാണ് സര്‍ക്കാര്‍ കണ്ടുവച്ചിരുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉടനൊന്നും എയിംസ് അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.