സ്വാമിയുടെ ലിംഗം മുറിച്ച സംഭവം: ഫോണ്‍ സംഭാഷണവും കത്തും തമ്മില്‍ പൊരുത്തക്കേട്

single-img
16 June 2017


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ടെലിഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ മുഖേന ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തും തമ്മില്‍ പൊരുത്തക്കേടുണ്ട്.

സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുന്‍പ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്റെ് അമ്മയും തമ്മില്‍ ബന്ധമില്ലെന്നും പെണ്‍കുട്ടി പറയുന്നു. സ്വാമിയെ മനഃപൂര്‍വം മുറിവേല്‍പ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോള്‍ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ.

ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാന്‍ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയയതെന്നും യുവതി വിശദമാക്കുന്നു. ഇന്നലെ പെണ്‍കുട്ടിയുടെതെന്ന പേരില്‍ പ്രതിഭാഗം വക്കീല്‍ കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ സ്വാമിയുടെ ലിംഗ ഛേദിച്ചത് അയ്യപ്പദാസ് ആണെന്നായിരുന്നു പറഞ്ഞിരുന്നത്.
സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാര്‍ എന്നീ നാല്‍വര്‍ സംഘത്തിന്റ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെണ്‍കുട്ടി എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന് കാരണമെന്നും കത്തില്‍ പറയുന്നു. തന്റെ മൊഴി ശരിയായി രേഖപ്പെടുത്താതെ പൊലീസ് കുറ്റം തന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നുമാണ് കത്തിലുണ്ടായിരുന്നത്. വ്യത്യസ്തതരത്തിലുള്ള മൊഴികള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പൊലീസ്‌. കഴിഞ്ഞ മേയിലാണ് സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ മുറിച്ചു മാറ്റിയത്. സ്വാമി ഇപ്പോള്‍ റിമാന്‍ഡിലാണ്.