സംഘര്‍ഷ മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് പ്രതിപക്ഷത്തോട് സര്‍ക്കാര്‍; ബിജെപി എംപിമാരെ പോലീസ് തടഞ്ഞു

single-img
8 July 2017

വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗാളിലെ ബാസിര്‍ഹത്ത് സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞു. എംഎല്‍എമാരായ മീനാക്ഷി ലേഖി, ഓം മാഥൂര്‍, സത്യപാല്‍ സിങ് എന്നിവരെയാണ് തടഞ്ഞത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബാസിര്‍ഹത്തില്‍ എത്തിയ മൂന്ന് ബിജെപി എംഎല്‍എമാരെ കൊല്‍ക്കത്തയില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. വര്‍ഗീയ സംഘര്‍ഷം തുടരുന്ന നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലേക്ക് പ്രതിപക്ഷ നേതാക്കള്‍ ആരും സന്ദര്‍ശനത്തിനെത്തരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അഭ്യര്‍ഥന മാനിക്കാതെ ബിജെപി നേതാക്കള്‍ എത്തുകയായിരുന്നു.

ജൂലൈ 2ന് നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശിയായ 17കാരന്‍ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിന് പിന്നാലെയാണ് ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തത്. പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റാണെന്ന ആരോപണത്തെ തുടര്‍ന്ന് ഹിന്ദു മതവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിയെ ഞായറാഴ്ച്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.തിങ്കളാഴ്ച്ച ബാദുരിയയില്‍ പോസ്റ്റിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു . കഴുത്തിന് ചുറ്റും മുറിവുകളുമായി ആശുപത്രിയില്‍ കഴിയുകയായിരുന്ന 60കാരനായ കാര്‍ത്തിക് ഗോഷാണ് ഇന്നലെ മരണമടഞ്ഞിരുന്നു. മരണവാര്‍ത്ത അറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ആശുപത്രി ഗേറ്റിന് മുന്നില്‍ ഏറ്റുമുട്ടലുണ്ടായി.

തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ പാര്‍ട്ടി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരം പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ഏറ്റുമുട്ടലുണ്ടായെന്നു വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് 24 പര്‍ഗനാസ് ജില്ലയിലെ ബാസിര്‍ഹത്തിലും സമീപ പ്രദേശങ്ങളിലും വീണ്ടും സംഘര്‍ഷമുണ്ടായി. അതേസമയം, എംഎല്‍എമാരായ തങ്ങള്‍ക്ക് നിയമം അറിയാമെന്നും പിന്നെ എങ്ങനെയാണ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നും മീനാക്ഷി ലേഖി മാധ്യമങ്ങള്‍ക്ക് മുമ്പാകെ ചോദിച്ചു.കഴിഞ്ഞ ദിവസമുണ്ടായ ലാത്തി ചാര്‍ജിന് ശേഷം ജില്ലയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠിയെ കണ്ട് ബിജെപി നേതാക്കള്‍ നിവേദനം നല്‍കുമെന്ന് സൂചന. സംസ്ഥാനത്ത് കേന്ദ്രം ഇടപെട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ക്രമസമാധാനനില നീരിക്ഷിക്കുന്നതിന് വേണ്ടി കേന്ദ്ര നിരീക്ഷകരെ അയക്കണമെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷ് മാധ്യമങ്ങളോട് പറഞ്ഞു.