നാടിനെ നടുക്കി തിരുവനന്തപുരത്തു അരും കൊല; കുട്ടികളെ കുത്തി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

single-img
8 July 2017

തിരുവനന്തപുരം: വേളി കായലിന് സമീപം മക്കളെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കണ്ണമ്മൂല ചെന്നിലോട് ലൈന്‍ കെവിആര്‍എ 35, സ്‌നേഹ ഭവനില്‍ ഷിബിയാണ് (36) മക്കളായ സെബ (9) സെബിന്‍ (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരെ കാണാതായതായി ഷിബിയുടെ ഭാര്യ അന്നാ ജോയി മെഡിക്കല്‍ കോളേജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അരുംകൊല പുറത്തറിയുന്നത്. റെയില്‍വേ ഗാങ് മാനാണ് കുട്ടികളുടെ ജഡങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. വേളി കായലിന് സമീപം നൂറടിപ്പാലത്തിന് താഴെയാണ് കുട്ടികളുടെ ജഡം കണ്ടെത്തിയത്. തലയില്‍ വെട്ടേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ജീവനൊടുക്കിയ ഷിബിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ഇയാള്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തതതാകാമെന്നാണ് പോലീസ് നിഗമനം. ട്രെയിനിടിച്ച ഇയാള്‍ കായലില്‍ തെറിച്ചു വീണെന്നും സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന കൈപ്പത്തി റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ കാണപ്പെട്ടതിന് തൊട്ടടുത്ത് ഒരു ബുള്ളറ്റ് ബൈക്കും വെട്ടുകത്തിയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ബൈക്കില്‍ ഇവിടെ എത്തിയ ഇയാള്‍ കുട്ടികളെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.

ഇന്നലെ വൈകുന്നേരം കുട്ടികളുമായി പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ഷിബിയെന്ന് അന്ന ജോയി പരാതിയില്‍ പറയുന്നു. രാത്രിയായിട്ടും ഇവര്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്നാണ് അന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഷിബിയില്‍ നിന്ന് അന്ന ജോയി പൊലീസ് സംരക്ഷണം നേടിയിരുന്നു.

അതേസമയം കാണാതായ ഷിബിക്കു വേണ്ടി സമീപത്തെ കായലിലും റെയില്‍വേ ട്രാക്കിലും മാധവപുരത്തിന് സമീപത്തെ പൊന്തക്കാടുകളിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കായലില്‍ തിരച്ചില്‍ നടത്താനായി ഫയര്‍ഫോഴ്‌സിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

വിവരമറിഞ്ഞ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. അരുള്‍ ബി കൃഷ്ണ, കഴക്കൂട്ടം അസി. കമ്മിഷണര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു വരികയാണ്.