വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

single-img
5 August 2017

ഉപരാഷ്‌ട്രപതിയായി എൻ.ഡി.എ.യുടെ വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തു. 19 പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച മുൻ പശ്ചിമ ബംഗാൾ ഗവർണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന ഗോപാൽ കൃഷ്‌ണ ഗാന്ധിയെ 272 വോട്ടിന്റെ വ്യത്യാസത്തിലാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്. ഇതോടെ പത്ത് വർഷത്തിന് ശേഷം ഉപരാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന എൻ.ഡി.എ നേതാവെന്ന വിശേഷണവും വെങ്കയ്യ നായിഡു കരസ്ഥമാക്കി .

 

സാധുവായ 760 വോട്ടിൽ വെങ്കയ്യ നായിഡു 516 വോട്ടു (68%) നേടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 (32%) വോട്ടുകളാണ് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി.  നേരത്തെ 484 വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് അഞ്ഞൂറിലേറെ വോട്ടുകൾ വെങ്കയ്യ നായിഡുവിന് നേടാനായത് ബി.ജെ.പി നേതൃത്വത്തെ ആഹ്‌ളാദത്തിലാക്കിയിട്ടുണ്ട്.

 

രാവിലെ പത്തുമുതൽ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ 785 എംപിമാരിൽ 771 പേർ വോട്ടു ചെയ്തു. 14 എംപിമാർ വോട്ടു ചെയ്യാനെത്തിയില്ല. വിജയത്തോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ സുപ്രധാന പദവികളില്‍ സംഘപരിവാര്‍ നേതാക്കളെത്തി എന്ന പ്രത്യേകതയുമുണ്ട്. എ. ബി. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് ഈ നേട്ടം ലഭിച്ചിരുന്നില്ല

 

ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കര്‍ഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള വെങ്കയ്യനായിഡു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ ബിജെപി എംഎല്‍എയായ വെങ്കയ്യനായിഡു ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനകീയനായ ബിജെപി നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ബീഹാറില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയ എന്‍ഡിഎ പ്രാദേശികമായ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി വച്ചാണ് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.