ഹജ്ജ് തീര്‍ഥാടകര്‍ക്കായി മശാഇര്‍ മെട്രോ തയ്യാര്‍

single-img
6 August 2017


ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാനായി മശാഇര്‍ മെട്രോ ഒരുങ്ങി കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തുന്ന മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ മക്ക ഗവര്‍ണ്ണറേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ മശാഇര്‍ മെട്രോ ഇത്തവണ ആയിരം സര്‍വ്വീസുകളാണ് നടത്തുക.

മൂന്നര ലക്ഷം ഹാജിമാര്‍ക്ക് മെട്രോയുടെ സേവനം ലഭ്യമാകും. ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കും മെട്രോ സൗകര്യം ലഭിക്കുമെന്നാണ് വിവരം. ദുല്‍ഹജ്ജ് എഴ് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ മൂന്നര ലക്ഷം തീര്‍ഥാടകര്‍ക്ക് മെട്രോ യാത്രക്ക് അനുമതി ലഭിക്കും. ഇതില്‍ ഭൂരിപക്ഷവും ആഭ്യന്തര തീര്‍ഥാടകരായിരിക്കും. മറ്റു ഹാജിമാര്‍ അത്യാധുനിക ബസ്സുകളിലാണ് പുണ്യ നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുക.

മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ മൂന്ന് വീതം സ്റ്റേഷനുകളാണുള്ളത്. 12 ബോഗികളുള്ള 17 ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. തീര്‍ഥാടകര്‍ക്ക് മെട്രോയില്‍ കയറാനും ഇറങ്ങാനും ഓരോ ബോഗിയിലും അഞ്ച് എന്ന കണക്കിന് ആകെ 60 കവാടങ്ങളുണ്ടായിരിക്കും. ഒരു ബോഗയില്‍ ഇരുനൂറ്റി അമ്പത് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഇതില്‍ അമ്പത് പേര്‍ക്ക് ഇരുന്നും മറ്റുള്ളവര്‍ നിന്നുമാണ് യാത്ര ചെയ്യേണ്ടി വരിക.

ഇരിപ്പിടങ്ങള്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരുക്കിയതാണ്. പുഷ്, പുള്‍ സംവിധാനത്തില്‍ ഓടുന്ന മശാഇര്‍ മെട്രോ സമയനഷ്ടമില്ലാതെ ഇരു ദിശയിലേക്കും സര്‍വീസ് നടത്തും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ഥാടകരെ ലക്ഷ്യസ്ഥാനത്തത്തെിക്കുകയാണ് മശാഇര്‍ മെട്രോയുടെ ലക്ഷ്യം.

അറഫക്കും മിനക്കും ഇടയിലെ യാത്രാ സമയം പതിമൂന്ന് മിനുട്ടാണ്. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്കും മെട്രോ സൗകര്യം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പേരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ടിക്കറ്റ് ലഭിക്കുമെന്നാണ് സൂചന.