ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ?

single-img
6 August 2017

എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ അടുത്തിടെ അന്തരിച്ച ഉഴവൂര്‍ വിജയന്‍ തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്റെ സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റേതാണ് വെളിപ്പെടുത്തല്‍.

അവസാന കാലത്ത് ഉഴവൂര്‍ മനപ്രയാസത്തിലായിരുന്നു എന്നും പാര്‍ട്ടിയിലെ നേതാക്കള്‍ കുടുംബത്തെ ചേര്‍ത്തുന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയെന്നും സതീഷ് കല്ലങ്കോട് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

മുതിര്‍ന്ന നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ചിരുന്നു. ഈ സംഭാഷണം അല്‍പ്പം കടുത്തതായിരുന്നു. ഈ സംഭാഷണത്തില്‍ പതിവില്ലാതെ ഉഴവൂര്‍ ദേഷ്യത്തില്‍ സ്വരമുയര്‍ത്തി സംസാരിക്കുന്നത് കേട്ടു.

അദ്ദേഹം അങ്ങനെ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നയാളല്ല. താനൊരു ഹൃദ്രോഗിയാണ് എന്നും ഫോണില്‍ ഉഴവൂര്‍ സംസാരിച്ചു. ഈ സംഭവത്തിന് ശേഷം കിടങ്ങൂരുള്ള ആശുപത്രിയില്‍ എത്തിച്ച് ബിപി എല്ലാം നോക്കി തിരികെ പോന്നു.

എന്നാല്‍ കുടുംബത്തെച്ചേര്‍ത്തുന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. ഉഴവൂരിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് ശ്രമം ഉണ്ടായിരുന്നു എന്നും സതീഷ് പറഞ്ഞു.

അതേസമയം സതീഷ് കല്ലക്കോടിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പി.ടി. തോമസ് എംഎല്‍എയും പി.സി. ജോര്‍ജ് എം.എല്‍.എയും ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.