ഒമാനില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതിനു പിന്നില്‍ എന്ത്?

single-img
7 August 2017

മസ്‌കത്ത്: ഒമാനില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ ആശുപത്രി മരണങ്ങളില്‍ മൂന്നിലൊന്നിനും കാരണം ഹൃദ്രോഗവും അനുബന്ധ പ്രശ്‌നങ്ങളുമാണെന്നാണ് പുതിയ കണ്ടെത്തല്‍. ജീവിത ശൈലി, കൊഴുപ്പേറിയ ഭക്ഷണം, വ്യായാമ കുറവ് എന്നിവയാണ് ഹൃദ്രോഗങ്ങള്‍ കൂട്ടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇക്കാരണത്താലൊക്കെ തന്നെ ഹൃദ്രോഗികളുടെ എണ്ണം പ്രതിദിനമെന്നവണ്ണം വര്‍ധിക്കുന്നതായി ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിളില്‍ ഉണ്ടായ 25 ശതമാനം മരണങ്ങള്‍ക്കും ഹൃദയവുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ട കുഴപ്പങ്ങളുണ്ട്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ 981 ഹൃദ്രോഗികളാണ് മരിച്ചത്. പകര്‍ച്ചവ്യാധിയിതര രോഗങ്ങളുടെ ചികിത്സ ചെലവേറിയതും നീണ്ടതുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിതലത്തിലും സാമൂഹിക തലത്തിലുമുള്ള ബാധ്യതകള്‍ കുറക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമിത രക്തസമ്മര്‍ദ്ദവും ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. കണക്കുകളെടുക്കുമ്പോള്‍ പതിനായിരത്തില്‍ ആറുപേരും പ്രമേഹരോഗബാധിതരില്‍ എട്ടുപേരും അമിത രക്തസമ്മര്‍ദ ബാധിതരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പകര്‍ച്ചവ്യാധിയിതര രോഗങ്ങള്‍ ബാധിച്ച 44 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 40.3 ശതമാനം പേര്‍ കിടത്തിച്ചികിത്സക്കും വിധേയരായി. റോഡപകടങ്ങള്‍ ഉയര്‍ന്നതോതിലുള്ള മരണത്തിനും പരിക്കിനും വൈകല്യത്തിനുമെല്ലാം കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങള്‍ കുറവായിരുന്നെങ്കിലും മരണങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണം പൊതുവെ ഉയര്‍ന്ന തോതിലാണ്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ മരിച്ച 569 സംഭവങ്ങളാണുണ്ടായത്.