ഇതല്ലേ ഈത്തപ്പഴ മേള: സൗദിയിലേത് ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മേള

single-img
13 August 2017

കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ആഹഌദവും പ്രതീക്ഷയും പകര്‍ന്ന് അല്‍ഖസീം പ്രവിശ്യയില്‍ ഈത്തപ്പഴ വിളവെടുപ്പുത്സവത്തിന്റെ ആരവമുയര്‍ന്നു. വിളവെടുപ്പ് ഊര്‍ജിതമായതോടെ ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴമേളക്ക് സൗദിയിലെ ബുറൈദയില്‍ തുടക്കമായി. 90 ദശലക്ഷം റിയാലിന്റെ കച്ചവടമാണ് മേളയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ലോകവിപണിയില്‍തന്നെ ഏറെ ആവശ്യക്കാരുള്ള ‘സുക്കരി’ എന്ന ഇനം ഈത്തപ്പഴമാണ് ബുറൈദ മേളയിലെത്തുന്നതില്‍ ഭൂരിഭാഗവും. ഇതില്‍ത്തന്നെ സ്വര്‍ണവര്‍ണത്തിലുള്ള മുന്തിയ ഇനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഒന്നര മാസം നീളുന്ന മേളയില്‍ ആയിരക്കണക്കിന് തോട്ടങ്ങളില്‍നിന്നുള്ള വിവിധ ഇനം പഴങ്ങള്‍ ബുറൈദ വിപണി വഴി വിവിധ നാടുകളിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ ഫാക്ടറികളിലുമെത്തും.

പ്രാദേശിക ഭരണകൂടം ബുറൈദ മുനിസിപ്പാലിറ്റിയുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേള ഒരാഴ്ച പിന്നിട്ടപ്പോള്‍ എട്ട് ദശലക്ഷം റിയാലിന്റെ കച്ചവടം നടന്നുകഴിഞ്ഞു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

മൂന്ന് ലക്ഷം ടണ്‍ ഈത്തപ്പഴം ഇക്കൊല്ലം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേളയുടെ ഡയറടക്ടര്‍മാരില്‍ ഒരാളായ മന്‍സൂര്‍ അല്‍ മുഹൈസിത്തി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ശതമാനം കൂടുതലാണിത്. മൂന്നുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സംവിധാനിച്ച ബുറൈദയിലെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ 2500 വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാം.

സര്‍വകലാശാല വിദ്യാര്‍ഥികളായ സ്വദേശി യുവാക്കളടക്കം എജന്റുമാരായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. തങ്ങളുടെ പുറംചെലവുകള്‍ക്കാവശ്യമായ ചെറുതല്ലാത്ത തുക കമ്മിഷന്‍ ഇനത്തില്‍ ലഭിക്കുന്നതാണ് കാരണം. പ്രാദേശിക ഭരണകൂടം ഇതിന് പ്രോത്സാഹനവും നല്‍കുന്നു. സൗദി അഗ്രികള്‍ചറല്‍ ബാങ്ക് കൃഷി മന്ത്രാലയത്തിന്റെ സഹകരത്തോടെ സബ്‌സിഡി അടക്കമുള്ള വായ്പ നല്‍കിയാണ് ഈത്തപ്പഴ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്.