സൗദിയിലെ വേനല്‍ചൂട് നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

single-img
14 August 2017

വേനല്‍ചൂടിന്റെ കാഠിന്യം കുടുംതോറുമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാന്‍ സൗദി ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താപനില ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു അന്തരീക്ഷ താപം.

ഈ സാഹചര്യത്തില്‍ സൂര്യതാപം മൂലമുളള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പകല്‍ 11നും 3നും ഇടയിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ പുറത്ത് സഞ്ചരിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും സണ്‍ഗ്ലാസ് ധരിക്കുകയും ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ഉപയോഗിക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

അമിത സൂര്യതാപം ഏല്‍ക്കുന്നതു മൂലം ചര്‍മ രോഗം, സൂര്യാഘാതം, ശരീരത്തില്‍ നിറം വ്യത്യാസപ്പെടുക, ചര്‍മം വരണ്ടുണങ്ങുക തുടങ്ങിയവ അനുഭവപ്പെടും. ശുദ്ധജലവും ദ്രവ രൂപത്തിലുമുളള ഭക്ഷണം കൂടുതല്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ചൂട് കണ്ണിനേയും സാരമായി ബാധിക്കും. കാഴ്ച ശക്തി നഷ്ടപ്പെടാന്‍ വരെ അമിത സൂര്യതാപം ഇടവരുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.