സൗദിയിലെ 13 മേഖലകളിലും സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

single-img
21 August 2017

സൗദിയില്‍ സ്വദേശിവത്ക്കരണം പതിമൂന്ന് മേഖലകളിലേക്ക് കൂടി ഊര്‍ജ്ജിതമാക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മേഖലാ ഗവര്‍ണ്ണറേറ്റുകളുടെ സഹകരണത്തോടെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുക.

തൊഴില്‍, ആഭ്യന്തരം, മുനിസിപ്പല്‍ ഗ്രാമ വികസനം വാണിജ്യ നിക്ഷേപം എന്നീ മന്ത്രാലയങ്ങള്‍ ഗവര്‍ണ്ണറേറ്റുകളുടെ കൂടി സഹകരണത്തോടെയാണ് സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കുക. ഓരോ മേഖലയിലുമുള്ള തൊഴില്‍ സാഹചര്യത്തിനനുസരിച്ചുള്ള സ്വദേശിവത്കരണം നടപ്പാക്കാനും സ്വദേശികളെ കൂടുതല്‍ അനുയോജ്യമായ ജോലിയിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്), പൊതുസുരക്ഷ വിഭാഗം എന്നിവയും സ്വദേശിവത്കരണത്തില്‍ പങ്കാളിത്തം വഹിക്കും. സ്വദേശിവത്കരണത്തിന് മേഖലയില്‍ അനുയോജ്യമായ രീതി കണ്ടെത്തി നടപ്പാക്കുക, സ്വകാര്യ മേഖലയില്‍ നിന്ന് സഹകരണം ഉറപ്പാക്കുക എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സ്വദേശിവത്കരണത്തിന്റെ ഭാഗമായി മേഖലകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും വിവിധ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. തൊഴില്‍, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കുക.