പി.വി. അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി തുടങ്ങി

single-img
23 August 2017

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മിച്ച കക്കാടംപൊയിലിലെ ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവ്. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.

ജില്ലാ കളക്ടര്‍ക്ക് നാളെ പ്രാഥമിക എസ്റ്റിമേറ്റ് സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ച് നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് അധികൃതരുടെ നീക്കം. എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിനോട് ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മിച്ചത്.

എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം. എംഎല്‍എയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ അധികൃതര്‍ തീരുമാനിച്ചത്.