കെകെ ശൈലജയ്ക്ക് ആശ്വാസം: മന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

single-img
24 August 2017

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരേയുണ്ടായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് മന്ത്രിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്.

ബാലാവകാശ കമ്മീഷനില്‍ രാഷ്ട്രീയക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് നീക്കം ചെയ്തിരിക്കുന്നത്. കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ലെന്നു നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച്, മന്ത്രിയുടെ വാദങ്ങള്‍ കോടതി കേട്ടില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം മന്ത്രി കെകെ ശൈലജയ്ക്ക് ഏറെ ആശ്വാസകരമാണ്. പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്.

സിപിഎം പ്രവര്‍ത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കുകയും അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശങ്ങള്‍ നീക്കാന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.