‘സുപ്രീംകോടതി വിധി ആധാറിനെ ബാധിക്കില്ല; പാന്‍കാര്‍ഡും ആധാറും തമ്മില്‍ ആഗസ്റ്റ് 31ന് മുമ്പ് ബന്ധിപ്പിക്കണം’

single-img
25 August 2017

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ബാധിക്കില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ സ്‌കീം (യുഐഡി) സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ അവസാന തീയതിയായ ആഗസ്റ്റ് 31ന് മുമ്പ് നികുതിദായകര്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ പുതിയ വിധി ഇതിനെ ബാധിക്കില്ല. ആധാര്‍ നിയമത്തിന്റെ കീഴില്‍ ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും അജയ് ഭൂഷണ്‍ പാണ്ഡ്യ പറഞ്ഞു. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറാന്‍ ആധാര്‍ നിയമത്തില്‍ വ്യവസ്ഥയില്ല.

സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ ആധാര്‍ നിയമത്തെ പറ്റി പറയുന്നില്ലെന്നും പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമം നിലനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സര്‍ക്കാര്‍ സബ്‌സിഡികള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ ആവശ്യമാണെന്ന് ആധാര്‍ നിയമത്തിന്റെ ഏഴാം വകുപ്പില്‍ പറയുന്നുണ്ട്. ഇക്കാര്യം പുതിയ വിധിയുടെ പശ്ചാത്തലത്തിലും നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാചകവാതകം ബുക്ക് ചെയ്യുന്നതിനു മുതല്‍ ബാങ്ക് അക്കൗണ്ടോ പുതിയ മൊബൈല്‍ നമ്പര്‍ ലഭിക്കുന്നതിനുവരെ ആധാര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നേരത്തേ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കും എന്ന സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി തടഞ്ഞിരുന്നു.

ആധാര്‍ ഇല്ലാത്തവര്‍ക്ക് ഇതു നിര്‍ബന്ധമാക്കരുത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം ആധാറിനുവേണ്ടി ശേഖരിച്ച ബയോമെട്രിക് സ്ഥിതിവിവരക്കണക്കുകള്‍ വെബ്‌സൈറ്റുകളിലൂടെ പുറത്തുവന്നതും ഏറെ വിവാദമായിരുന്നു. ആധാറിനു നല്‍കിയ സ്ഥിതിവിവരങ്ങള്‍ ആര്‍ക്കും ശേഖരിക്കാമെന്ന സ്ഥിതിയായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് പിന്നീട് വിവരങ്ങള്‍ സൈറ്റുകളില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു.