യുഎഇയില്‍ പുതിയ തൊഴില്‍ തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍ ഉടന്‍

single-img
25 August 2017

ദുബൈ: തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ തൊഴിലിടങ്ങളും സ്ഥാപനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴില്‍ തര്‍ക്ക പരിഹാരകേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. തവാഫഖ്, തൗജീഹ്, തഖ്‌യീം എന്നിങ്ങനെ മൂന്നു സെന്ററുകളാണ് തസ്ഹീല്‍ മാതൃകയില്‍ എമിറേറ്റുകളില്‍ തുറക്കുന്നത്.

തൊഴില്‍ തര്‍ക്കങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ നിയമ നടപടികള്‍ക്ക് സഹായിക്കുകയും ചെയ്യുന്നതിനാണ് തവാഫഖ് സെന്ററുകള്‍. തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുകയും തുടര്‍ അന്വേഷണം നടത്തുകയും ചെയ്യുന്നതും ഈ സെന്ററുകള്‍ ആയിരിക്കും.

ഇരു വിഭാഗത്തെയും അനുനയിപ്പിച്ചു പരിഹരിക്കാന്‍ സാധിക്കുന്നതായാലും കോടതിയിലേക്ക് നീക്കേണ്ട കേസുകള്‍ ആണെങ്കിലും അക്കാര്യത്തില്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുന്നത് തവാഫഖ് ആയിരിക്കും. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മന്ത്രാലയത്തിന്റെ തുടര്‍ നടപടികള്‍ ഉണ്ടാവുക.

തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തൊഴില്‍ നിയമ സംബന്ധമായ അവബോധമുണ്ടാക്കുക. കൂടാതെ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ ഇരുവിഭാഗത്തെയും പ്രാപ്തമാക്കുക എന്നതാണ് തൗജീഹ് സെന്ററുകളിലൂടെ ലക്ഷ്യംവെക്കുന്നത്.

തൊഴിലുടകള്‍ക്ക് ആവശ്യമായ സേവനങ്ങളും തൗജീഹ് വഴി ലഭ്യമാകും. നടപ്പാക്കേണ്ട മന്ത്രാലയ നിര്‍ദേശങ്ങള്‍, തൊഴില്‍ സംബന്ധിയായ അവബോധം, തൊഴില്‍ കരാര്‍ കൈപ്പറ്റല്‍, തൊഴിലാളികള്‍ക്കുള്ള തൊഴില്‍പത്ര വിതരണം, സമൂഹ സംസ്‌കാരത്തിന് ഉതകുന്നതും തൊഴില്‍ മേഖല മെച്ചപ്പെടുത്താന്‍ ആവശ്യമായതുമായ മുഴുവന്‍ മന്ത്രാലയ ബ്രോഷറുകളും കൈപ്പുസ്തകങ്ങളും ഇതുവഴിയാണ് നല്‍കുക.

തൊഴിലുടമകളുടെ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും അതു സംബന്ധമായ പ്രവര്‍ത്തനം തുലനം ചെയ്യാനുമായിട്ടായിരിക്കും ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനികളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കാനും പുരോഗതിയുണ്ടാക്കാനും ഈ സെന്റര്‍ വഴി തൊഴിലുടമകള്‍ക്ക് സാധിക്കും. ട്രേഡ് ലൈസന്‍സുകളുടെ മന്ത്രാലയവുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍, സാക്ഷ്യപ്പെടുത്തിയ കരാറുകള്‍, മന്ത്രാലയ ചട്ടങ്ങള്‍ക്ക് അനുസൃതമായുള്ള ലേബര്‍ ക്യാമ്പുകളുടെ റജിസ്‌ട്രേഷന്‍ എന്നിവയെല്ലാം തഖ്‌യീം സെന്ററുകളില്‍ ആയിരിക്കും നടക്കുക.

അടുത്ത മൂന്നു മാസത്തിനുള്ളില്‍ മൂന്നു സെന്ററുകളും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തവാഫഖ് സെന്റര്‍ ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ് എമിറേറ്റുകളില്‍ മാത്രം പരിമിതമായിരിക്കും. പിന്നീട് ആവശ്യം നോക്കി മറ്റ് എമിറേറ്റുകളില്‍ തുടങ്ങാനും പെര്‍മിറ്റ് നല്‍കും. പെര്‍മിറ്റിനുള്ള വ്യവസ്ഥകളും തവാഫഖ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും നാല് സ്വദേശി സൂപ്പര്‍വൈസര്‍മാര്‍ ഉണ്ടായിരിക്കും. ഇതിനു പുറമേ ബിരുദധാരികളായ 50 തൊഴില്‍ ഗവേഷകരെയും സെന്ററുകളില്‍ നിയമിക്കും.