258 കിലോമീറ്റര്‍ വേഗത്തില്‍ ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കയില്‍: 56 ലക്ഷം പേരെ ഒഴിപ്പിച്ചു

single-img
10 September 2017

കരീബിയന്‍ ദീപുകളിലും ക്യൂബയിലും വന്‍നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മയുടെ മുന്നേറ്റം. ദിവസങ്ങള്‍ക്കിടെ തീവ്രത അല്‍പ്പം കുറഞ്ഞ് കാറ്റഗറി നാല് വിഭാഗത്തില്‍പ്പെടുത്തിയ ഇര്‍മ തെക്കന്‍ ഫ്‌ളോറിഡയിലെത്തിയതായാണ് യുസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി ഫ്‌ളോറിഡയില്‍ നിന്ന് 56 ലക്ഷം പേരെ ഒഴിപ്പിച്ചു. സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്നാണിത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളില്‍ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്‌ലോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടര്‍ന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീര്‍ന്നു. 1992ല്‍ വീശിയടിച്ച ആന്‍ഡ്രൂ ചുഴലിക്കാറ്റിനേക്കാള്‍ വിനാശകാരിയാണ് ഇര്‍മയെന്നാണു വിലയിരുത്തല്‍. അന്ന് 65 പേരാണു മരിച്ചത്.

അതേസമയം, ഇര്‍മ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.

യുഎസ് തീരത്ത് ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയാലും നിയമക്കുരുക്കുകളില്ലാതെ നാട്ടിലേക്ക് വിസയും പാസ്‌പോര്‍ട്ടും ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

അത്‌ലാന്റിക്കില്‍ രൂപമെടുത്ത ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് ശനിയാഴ്ച ക്യൂബന്‍ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. 10 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആള്‍നാശം കുറഞ്ഞു. കരീബിയന്‍ ദ്വീപുകളിലും ഇര്‍മ വന്‍ നാശമാണ് വിതച്ചത്.

മിക്ക ദ്വീപുകളും ജനവാസം പോലും സാധ്യമല്ലാത്ത വിധം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 15.25 ബില്യണ്‍ ഡോളര്‍ അനുവദിച്ചു. ഇര്‍മക്ക് പിന്നാലെ ജോസ്, കതിയ ചുഴലിക്കാറ്റുകളും കരീബിയന്‍ തീരത്തേക്ക് നീങ്ങുന്നുണ്ട്.