സൗദിയില്‍ പ്രതിരോധ മന്ത്രാലയത്തിന് നേരെ ചാവേര്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം തകര്‍ത്തു: രണ്ട് ഭീകരര്‍ പിടിയില്‍

single-img
13 September 2017

റിയാദ്: റിയാദിലെ പ്രതിരോധ മന്ത്രാലയത്തില്‍ ചാവേര്‍ ആക്രമണം നടത്താനുള്ള ഐ.എസ് ഭീകരരുടെ ശ്രമം തകര്‍ത്തതായി സൗദി അറേബ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് പിടിയിലാവുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ‘അല്‍ അറബിയ’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഹമദ് യാസര്‍ അല്‍ ഖല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നീ യമന്‍ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന രണ്ട് സ്വദേശികളും പിടിയിലായിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അരയില്‍ കെട്ടാനുള്ള ചാവേര്‍ സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് കിലോഗ്രാം വീതം ഭാരം വരുന്നതാണ് ഓരോന്നും. സ്വന്തം നിലക്കാണ് ഇവര്‍ ഇത് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍.

പിടിയിലായവരുടെ പേരുവിവരങ്ങളില്‍ വ്യത്യാസമുള്ളതായി സുരക്ഷാ സേനയുടെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. റിയാദിലെ അല്‍ റിമാലിനടുത്തുള്ള വീട്ടില്‍ വെച്ചാണിവര്‍ സ്‌പോടക വസ്തുക്കള്‍ ഉണ്ടാക്കിയതെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം വിവിധ കോണുകളിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.