പോലീസിനെ ഞെട്ടിച്ച് ദിലീപിന്റെ നാടകീയ നീക്കം: അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

single-img
14 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നാടകീയമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ തനിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

നടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരായ കുറ്റം. പുതുതായി ഒന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. ജയിലില്‍ താന്‍ 60 ദിവസം പിന്നിട്ടുവെന്നും അതിനാല്‍ തനിക്ക് സോപാധിക ജാമ്യം അനുവദിക്കണമെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ, തെളിവ് നശിപ്പിക്കാനോ ശ്രമിക്കില്ല. അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയപ്പോള്‍ വ്യവസ്ഥകള്‍ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയില്‍ ഇന്ന് ദിലീപ് ജാമ്യാപേക്ഷ നല്‍കില്ലെന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണെന്ന ഒരു സൂചനയും നല്‍കിയിരുന്നില്ല. നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അതില്‍ തീര്‍പ്പുണ്ടായ ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ദിലീപ് ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ജൂലൈ 10 ന് കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചത് ഇവിടെയായിരുന്നു. എന്നാല്‍ ജൂലൈ 17 ന് ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് രണ്ട് തവണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവയും തള്ളുകയായിരുന്നു.

ഈ മാസം 18 നാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുക. ചോദ്യം ചെയ്യലിന് നാളെ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന് മുന്‍പാകെ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.