അബുദാബിയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ!: പറക്കും ക്യാമറകളുമായി പോലീസ് നില്‍പ്പുണ്ട്; പാര്‍ക്കിങ് ഫീസടക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താലും പൊക്കും

single-img
13 October 2017

എമിറേറ്റിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അബുദാബി ഗതാഗത വകുപ്പ് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രോണുകളുപയോഗിച്ച് ആകാശ നിരീക്ഷണം നടത്തും.

റോഡിലെ ക്യാമറയെ വെട്ടിച്ച് അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ഡ്രോണുകളുപയോഗിച്ച് സാധിക്കുമെന്ന് അബുദാബി ഗതാഗത വകുപ്പ് വ്യക്തമാക്കി.

നിയമലംഘനം പകര്‍ത്തി ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിന് കൈമാറും. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടവും നിരീക്ഷിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ നല്‍കാനും ഈ ഡ്രോണുകള്‍ക്കാകും.

പാര്‍ക്കിങ് ഫീസടക്കാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളെ കണ്ടുപിടിക്കാനും അല്‍ ജെര്‍ണസ് ഡ്രോണുകളെ ഉപയോഗപ്പെടുത്തും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് അടക്കം ഫോട്ടോയെടുത്ത് ട്രാഫിക് വിഭാഗത്തിന് കൈമാറും.

വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ ബസുകളെയും നിരീക്ഷിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.