മകന്റെ അഴിമതിയില്‍ മൗനംവെടിഞ്ഞ് അമിത് ഷാ: ‘ജയ്ഷാ അഴിമതി നടത്തിയിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’

single-img
13 October 2017

ന്യൂഡല്‍ഹി: മകന്‍ ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ജയ്ഷാ അഴിമതി നടത്തിയിട്ടില്ല, സൗജന്യങ്ങളും സ്വീകരിച്ചിട്ടില്ല. എല്ലാ ഇടപാടുകളും സുതാര്യവും ബാങ്ക് വഴിയുമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. മകനെതിരെ ആരോപണം ഉയര്‍ന്ന ശേഷം ഇതാദ്യമായാണ് ഇക്കാര്യത്തില്‍ അമിത് ഷാ പ്രതികരിക്കുന്നത്.

ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. 80 കോടിയുടെ വരുമാനമുണ്ടായെങ്കിലും കമ്പനി അപ്പോഴും നഷ്ടത്തിലായിരുന്നു. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ മാദ്ധ്യമസ്ഥാപനമായ ദ വയര്‍ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വരുമാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്.