ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യമാര്‍ വ്യാജ പരാതികൊടുത്താല്‍ ഇനി അതൊന്നും പെട്ടെന്ന് വിലപ്പോവില്ല

single-img
13 October 2017


തിരുവനന്തപുരം: സ്ത്രീകള്‍ നല്‍കുന്ന ഗാര്‍ഹിക പീഡനപരാതികളില്‍ പെട്ടന്ന് എടുത്തുചാടി നടപടിയെടുക്കരുതെന്നു ഡിജിപിയുടെ നിര്‍ദേശം. വ്യാജപരാതികള്‍ വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണു നടപടി.

ഇതുസംബന്ധിച്ച് എസ്പിമാരടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ഡിജിപി സര്‍ക്കുലര്‍ നല്‍കി. സ്റ്റേഷനില്‍ ലഭിക്കുന്ന ഗാര്‍ഹിക പീഡന പരാതികളെല്ലാം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബക്ഷേമസമിതിക്കു കൈമാറണം.

പരാതിയിലെ കക്ഷികളെ ബന്ധപ്പെട്ടു കാര്യങ്ങളന്വേഷിച്ച ശേഷം ഒരുമാസത്തിനുള്ളില്‍ സമിതി പൊലീസിനു റിപ്പോര്‍ട്ട് നല്‍കണം. ആ റിപ്പോര്‍ട്ട് പ്രകാരം മാത്രമേ അറസ്റ്റ് പോലുള്ള നടപടി സ്വീകരിക്കാവു. പ്രതികള്‍ വിദേശത്താണങ്കില്‍ ഉടന്‍ തന്നെ പാസ്‌പോര്‍ട്ട് റദ്ദാക്കുക, റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക പോലുള്ള കടുത്ത നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ മരണവും പ്രത്യക്ഷമായ മര്‍ദനവും പോലുള്ള കേസുകളാണങ്കില്‍ ഇത്തരം നിര്‍ദേശങ്ങളൊന്നും പാലിക്കേണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സ്റ്റേഷനിലും ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലറിലുണ്ട്.