പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി: ‘ഡല്‍ഹിയില്‍ പടക്കനിരോധനം തുടരും’

single-img
13 October 2017

ഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കവില്‍പ്പന നിരോധിച്ച വിധിയില്‍ വര്‍ഗീയത കലര്‍ത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ലെന്നും ഇതില്‍ ദു:ഖമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, ഡല്‍ഹിയില്‍ പടക്കനിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കി.

ദീപാവലിയോട് അനുബന്ധിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് ഒരു സംഘം പടക്കവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരവില്‍ ഭേദഗതി വരുത്താന്‍ വിസമ്മതിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ പടക്കവില്‍പ്പന നടന്നിട്ടുണ്ടെന്നും അത് ദിപാവലിക്ക് ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. അതിനാല്‍ ഇത്തവണത്തെ ദീപാവലി പടക്കങ്ങള്‍ ഇല്ലാത്തതായിരിക്കില്ല. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പടക്കവില്‍പ്പനയ്ക്ക് വ്യാപാരികള്‍ക്ക് കുറച്ച് സമയംകൂടി അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ഡല്‍ഹിയിലെ പടക്ക വില്‍പ്പനയ്ക്ക് ഒക്ടോബര്‍ 31 വരെയാണ് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അന്തരീക്ഷ മലിനീകരണം, ദീപാവലി കഴിയുന്നതോടെ ഗുരുതരമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.