ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
14 October 2017

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22ന് തുടങ്ങുന്ന മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ തിരഞ്ഞെടുത്തത്.  ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്ന രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ വീണ്ടും പുറത്തിരുത്തി.

ഓപ്പണർ കെ​.എൽ. രാഹുൽ, ബോളർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരും ടീമിലില്ല. അതേസമയം, ഷാർദുൽ താക്കൂർ, ശിഖർ ധവാൻ എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. യുവരാജ് സിങ്, സുരേഷ് റെയ്ന എന്നീ വെറ്ററൻ താരങ്ങളെ ഇത്തവണയും പരിഗണിച്ചില്ല.

പതിനഞ്ചംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ചാമ്പ്യന്‍സ് ട്രോഫിയിലും വിന്‍ഡീസിനെതിരായ പരമ്പരയിലും ഇന്ത്യന്‍ ടീമംഗമായിരുന്നു കാര്‍ത്തിക്.

ഭാര്യയുടെ അസുഖം മൂലം ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ശിഖര്‍ ധവാന്‍ പതിനഞ്ചംഗ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഏകദിന പരമ്പര ടീം:  വിരാട് കോഹ്‍ലി, രോഹിത് ശർമ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, എം.എസ്. ധോണി, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഷാർദുൽ താക്കൂര്‍.