ലാവലിന്‍ സുപ്രിം കോടതിയില്‍; പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയത് പോലെ തന്നെയും കുറ്റവിമുക്തനാക്കണമെന്നു കേസിലെ നാലാം പ്രതി

single-img
14 October 2017

ദില്ലി: പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയത് പോലെ തന്നെയും കുറ്റവിമുക്തനാക്കണമെന്നു ലാവലിന്‍ കേസിലെ  നാലാം പ്രതിയും കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയറുമായ കസ്തൂരിരംഗ അയ്യര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പീല്‍ നല്‍കി.

കേസില്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയെയാണ് അയ്യര്‍ ചോദ്യം ചെയ്തിരിക്കുന്നത്.  ക്രിമിനല്‍ നടപടി ചട്ടം 379 ആം വകുപ്പ് പ്രകാരം ഒരേ കേസിലെ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് ഹൈക്കോടതിക്ക് സ്വീകരിക്കാന്‍ ആകില്ലെന്ന് അയ്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റ് മാസം 23 നാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

പിണറായി വിജയനെ കേസില്‍ ബലിയാടാക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. പിണറായിയെ കൂടാതെ ഒന്നാം പ്രതി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി എ ഫ്രാന്‍സിസ് എന്നിവരെയാണ് കോടിതി കുറ്റവിമുക്തരാക്കിയത്. നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍, രണ്ടാം പ്രതി കെജി രാജശേഖരന്‍, മൂന്നാം പ്രതി ആര്‍ ശിവദാസന്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്.

ഹര്‍ജി കോടതി ഈ മാസം 27 ന് പരിഗണിക്കും.