ഖത്തറിനെതിരായ ഉപരോധത്തിന് പിന്നില്‍ കളിച്ചത് യു.എ.ഇ: കരുനീക്കം നടത്തിയത് ‘ലോകകപ്പ് വേദി മാറ്റിയ്ക്കാന്‍’

single-img
17 October 2017

ദോഹ: 2022 ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റുക എന്ന ലക്ഷ്യമാണ് ഖത്തര്‍ ഉപരോധത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ ഇന്‍ഡിപെന്‍ഡന്റാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഖത്തറിനെതിരായ ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും യു.എ.ഇ ആണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിനുമേല്‍ അസ്ഥിരതയുണ്ടെന്ന് വരുത്തിതീര്‍ത്ത് ലോക ഫുട്‌ബോള്‍ മാമാങ്കം ഖത്തറില്‍ നടത്താതിരിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുകയായിരുന്നു ഉപരോധക്കാര്‍ ലക്ഷ്യമിട്ടതെന്നും പത്രം വിലയിരുത്തി. ഖത്തറിന്റെ വളര്‍ച്ചയിലും ലോകകപ്പ് ഖത്തറില്‍ നടക്കുന്നത് തങ്ങള്‍ക്ക് അപമാനമാണെന്ന കാഴ്ചപ്പാടുമാണ് ഇത്തരമൊരു നീക്കത്തിന് ഈ രാജ്യത്തെ പ്രേരിപ്പച്ചതെന്ന വിലയിരുത്തലാണ് പത്രം നടത്തുന്നത്.

നേരത്തെ ലോകകപ്പ് ദോഹയില്‍ നിന്ന് മാറ്റിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കുമെന്ന് ദുബായ് സുരക്ഷാ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ ഉപോധത്തിന് പിന്നില്‍ ലോകകപ്പ് തടയുക എന്ന നീക്കമാണെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭീകരവാദത്തിന് പ്രോത്സാഹനം ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹറിനും ഈജിപ്തുമടങ്ങുന്ന സഖ്യരാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അറബ് മേഖലയില്‍ പിടിമുറക്കാന്‍ ഖത്തറും യു.എ.ഇയും കുറച്ച് നാളുകളായി ശ്രമിച്ചു വരികയായിരുന്നു. മേഖലയില്‍ പിടിമുറുക്കാന്‍ സഹായിക്കുമെന്ന് കരുതി ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്റെ ഓഫീസ് തങ്ങളുടെ രാജ്യത്ത് തുറക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ മത്സരമുണ്ടായിരുന്നു.

അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ക്ക് വന്ന ചില ഇമെയിലുകള്‍ ഹാക്ക് ചെയ്തതില്‍ നിന്നും ഇത് സംബന്ധിച്ച തെളിവ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേ താലിബാന്റെ ഓഫീസ് തുറന്നത് ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ ഭീകരതയുടെ കേന്ദ്രമാണെന്ന് യു.എ.ഇ വാദിക്കുന്നത്. തുടര്‍ന്ന് ഖത്തറിലെ ന്യൂസ് ചാനല്‍ ഹാക്ക് ചെയ്ത് അവിടുത്തെ ഭരണാധികാരിയുടെ സന്ദേശമെന്ന നിലയില്‍ ചിലത് കാണിച്ചതിന് പിന്നിലും യു.എ.ഇയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകകപ്പ് പൊളിക്കാനാണ് ഖത്തറിന് മേല്‍ ഉപരോധം സൃഷ്ടിച്ചതെന്ന് യു.എ.ഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്ന രേഖകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുടങ്ങിയാല്‍ ഉപരോധം അവസാനിക്കുമെന്നാണ് ദുബായ് സുരക്ഷാ വിഭാഗം മേധാവിയുടെ ട്വീറ്റര്‍ സന്ദേശത്തിന്റെ സാരംശം. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് 2022ല്‍ ഖത്തറിലെ ലോകകപ്പ് നടക്കാനിടയില്ലെന്ന സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

അതേസമയം, തീവ്രവാദത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള തീരുമാനം ഖത്തറിനെ കൂടുതല്‍ ശക്തരാക്കിയെന്നും വിലയിരുത്തലുകളുണ്ട്. മേഖലയിലെ വന്‍ ശക്തികളായ തുര്‍ക്കിയും ഇറാനുമായും ഖത്തറിന്റെ ബന്ധം കൂടുതല്‍ ശക്തമായത് ഇതിന്റെ തെളിവാണ്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയെങ്കിലും ഇപ്പോഴും ഇവിടുത്തേക്കുള്ള ഭക്ഷ്യവിതരണം തടസപ്പെട്ടിട്ടില്ല.

കൂടാതെ തീരുമാനം ഖത്തറിനെ കൂടുതല്‍ സ്വയംപര്യാപ്ത കൈവരിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്. ഖത്തറിന് മേല്‍ നിലവില്‍ തുടരുന്ന ഉപരോധം തത്കാലം കെട്ടടങ്ങാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.