ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു; അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ

single-img
17 October 2017

സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ഒരു സാസ്‌കാരിക സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ഈ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കവേയാണ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. എന്നാല്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി. യാതൊരു വിധ അലംഭാവവും അന്വേഷണത്തില്‍ വരുത്തുന്നില്ല എന്നും എജി കോടതിയില്‍ മറുപടി നല്‍കി.

അതേസമയം കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിട്ടാല്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്നും അതിന് മറ്റ് തടസ്സങ്ങളില്ലെന്നും ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ തന്ന സിബിഐ വ്യക്തമാക്കി

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്നും ഇതില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. കൊലപാതകങ്ങളില്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും, സിബിഐയ്ക്ക് മാത്രമേ ഈ കേസുകളില്‍ സത്യസന്ധമായതും കാര്യക്ഷമമായതുമായ അന്വേഷണം നടത്താനാകൂയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.