ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

single-img
17 October 2017

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവു ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബി.സി.സി.ഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ.ക്കു വേണ്ടി സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് അപ്പീല്‍ നല്‍കിയത്.

അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരായ ഹര്‍ജി സിംഗിള്‍ബെഞ്ച് പരിഗണിച്ചത് ശരിയായില്ലെന്നാണ് ബി.സി.സി.ഐ ഹൈക്കോടതിയില്‍ വാദിച്ചത്. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. വിധി ശ്രീശാന്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്.