പാര്‍ട്ടിക്കെതിരെ വാളോങ്ങി വിഡി സതീശന്‍: ‘സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍; ഹര്‍ത്താല്‍ ആര് നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയില്ല’

single-img
17 October 2017

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന്‍. വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തുനടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടില്‍ കേസെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് നിസാരമായി കാണുന്നില്ല. ഒരുദിവസത്തേക്കെങ്കിലും നിയമസഭ വിളിച്ചു ചേര്‍ത്തിട്ടാണെങ്കിലും സര്‍ക്കാര്‍ ആദ്യം റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സാധാരണഗതിയില്‍ റിപ്പോര്‍ട്ടിന്റെ പ്രധാന പോയിന്റുകള്‍ വിതരണം ചെയ്യാറുണ്ട്. കൊടുത്തിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ഇത് രണ്ടും സംഭവിച്ചിട്ടില്ല. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യരേഖയാണെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല.

റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കിട്ടുക എന്നത് പ്രതിചേര്‍ക്കപ്പെടുന്ന ആളുകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ്. സര്‍ക്കാര്‍ അത് നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹര്‍ത്താല്‍ ആര് നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഹര്‍ത്താലിനോടുള്ള തന്റെ എതിര്‍പ്പ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ യുഡിഎഫ് ഹര്‍ത്താലിനോട് സഹകരിച്ചില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.