ദിലീപിനെതിരെ കുറ്റപത്രം: ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍

single-img
18 October 2017

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പോലീസ് കുറ്റംപത്രം തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട്. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത ചില തെളിവുകളും കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുന്‍പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ , കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു . നിലവില്‍ ഒന്നാം പ്രതിയാക്കിയിട്ടുള്ള പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ല.
ദിലീപ് നല്‍കിയ ക്വട്ടേഷന്‍ നടപ്പിലാക്കുകയാണ് പള്‍സര്‍ സുനി ചെയ്തത്. കുറ്റകൃത്യത്തിന്റെ ഗുണഭോക്താവും താല്‍പര്യക്കാരനും ദിലീപാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ദിലീപിനെ മുഖ്യ പ്രതിയാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബലാല്‍സംഗം, കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, അന്യായമായി തടവില്‍ വയ്ക്കല്‍, തുടങ്ങി ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ വരെ, ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.