ദിലീപ് ഒന്നാം പ്രതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നൽകാനൊരുങ്ങി പൊലീസ്

single-img
18 October 2017

കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. ഗൂഢാലോചന എന്നത് കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. ദിലീപ് പറഞ്ഞത് അനുസരിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണ് സുനില്‍ കുമാര്‍. ദിലീപിന്റെ നിര്‍ദേശാനുസരണം കൃത്യം നടത്തി എന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ക്വട്ടേഷന്‍ ഏറ്റെടുത്ത സുനില്‍ കുമാര്‍ കേസില്‍ രണ്ടാം പ്രതിയാകും. കേസില്‍ നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കൃത്യം ചെയ്തവര്‍ക്ക് നടിയോട് മുന്‍വൈരാഗ്യം ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

11 പ്രതികളും 26 രഹസ്യമൊഴികളുമാണ് കുറ്റപത്രത്തിലുള്ളതെന്നാണ് സൂചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ യോഗത്തില്‍ ഉണ്ടാകും. എഡിജിപിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പങ്കെടുക്കും.

നടി ആക്രമിക്കപ്പെട്ട് എട്ടു മാസം പിന്നിടുമ്പോഴാണ് ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായിരിക്കുന്നത്. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ് താരത്തിനെതിരായ കുറ്റപത്രം. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.

കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കിയതായാണ് വിവരം.

നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഒക്ടോബര്‍ 17 ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നതെങ്കിലും മജിസ്‌ട്രേറ്റ് അവധി ആയതിനാല്‍ ദിവസം മാറ്റുകയായിരുന്നു. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്.