മസ്‌ക്കറ്റിൽ സുഹൃത്തുക്കളുടെ കെണിയില്‍ വീണു വന്‍ സാമ്പത്തിക ബാധ്യതയുമായി തലസ്ഥാന നിവാസി ദുരിതം പേറുന്നു

single-img
18 October 2017

മനോജ്

മസ്കറ്റ്: സുഹൃത്തുക്കളുടെ കെണിയില്‍ വീണ് നാട്ടിലെ സമ്പത്ത് മുഴുവന്‍ നഷ്ടപെട്ട മലയാളി മസ്‌ക്കറ്റിൽ കുടുങ്ങിക്കിടക്കുന്നു. നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന സുഹൃത്തിന്റെ വാഗ്ദാനം വിശ്വസിച്ച് തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജാണ് ലക്ഷങ്ങളുടെ കടക്കാരനായി മാറിയത്.

13 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമായ കിടപ്പാടം എപ്പോള്‍ വേണമെങ്കിലും ബാങ്ക് ജപ്തി ചെയ്യാവുന്ന സ്ഥിതിയിലാണ്.  മസ്‌ക്കറ്റിലും നാട്ടിലുമായി ഏകദേശം 60 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മനോജിന് ഇപ്പോഴുള്ളത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പുറത്തായ ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമായതിനാല്‍ നാട്ടില്‍ പോകാനും കഴിയാത്ത സ്ഥിതിയാണ്. സുമനസ്സുകളായ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ  മസ്‌ക്കറ്റില്‍ കഴിയുന്ന മനോജ് തന്നെ ഇരുട്ടില്‍ നിന്ന് കരകയറ്റാന്‍ കേരളസര്‍ക്കാറും ഇന്ത്യന്‍ എംബസിയും ഇടപെടുമെന്ന പ്രതീക്ഷയിലാണ്.

ഭര്‍ത്താവിനെ ചതിച്ച സുഹൃത്ത് ദീപുവും ഭാര്യ ഐശ്വര്യയും അടക്കമുള്ളവര്‍ക്കെതിരെ മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കയറ്റുമതി ബിസിനസ് തുടങ്ങാന്‍ അമ്പതു ലക്ഷം രൂപ ചെലവുവരുമെന്നാണ് ദീപു മനോജിനോട് പറഞ്ഞത്. വായ്പക്ക് ബാങ്കിനെ സമീപിച്ചെങ്കിലും മുമ്പ് ഭവനവായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയിരുന്നതിനാല്‍ മനോജിന് വായ്പ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീടും സ്ഥലവും ദുബൈയില്‍ ജോലിചെയ്യുന്ന ഐശ്വര്യയുടെ പേരില്‍ എഴുതിക്കൊടുത്തു. തുടര്‍ന്ന് ഈ കരാര്‍ കാട്ടി ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് 2014 നവംബറില്‍ 48 ലക്ഷം രൂപയുടെ പര്‍ച്ചേഴ്‌സ് വായ്പയെടുക്കുകയായിരുന്നു.

ബാങ്ക് വായ്പ അടച്ചുതീര്‍ന്നാല്‍ സ്ഥലം തിരിച്ച് എഴുതി നല്‍കാമെന്നായിരുന്നു ഇവര്‍ തമ്മിലെ ധാരണ. മനോജ് ഈ സമയം പഴം, പച്ചക്കറി വിപണനം ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് ഒമാനിലെത്തിയ ദീപു ഉള്ളി ഇറക്കുമതി ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് മനോജിന്റെ സ്‌പോണ്‍സറെ കൊണ്ട് ആറായിരം റിയാല്‍ (ഏകദേശം പത്തുലക്ഷം രൂപയോളം) തിരുവനന്തപുരത്തെ കയറ്റുമതിക്കാര്‍ക്കു അയച്ചു കൊടുപ്പിക്കുകയും ചെയ്തു. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യമായതോടെ മനോജിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു.

പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാനും സ്‌പോണ്‍സര്‍ ഇതുവരെ തയാറായിട്ടില്ല. നാട്ടിലെ ബാങ്കില്‍ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞമാസം ജപ്തി നോട്ടീസും ലഭിച്ചതായി മനോജ് പറഞ്ഞു. ദീപുവും ഭാര്യയും കുറച്ചുനാള്‍ മസ്‌ക്കറ്റില്‍ താമസിച്ചതിന്റെ ഫ്‌ലാറ്റ് വാടക, റന്റ് എ കാര്‍ വാടക തുടങ്ങിയ ഇനങ്ങളില്‍ രണ്ടായിരത്തിലധികം റിയാലിന്റെ ബാധ്യതയും തന്റെ തലയിലായതായി മനോജ് പറയുന്നു. ചെറിയ ജോലികള്‍ ചെയ്ത് ഈ ബാധ്യത കുറെയൊക്കെ വീട്ടിയിട്ടുണ്ട്. നിയമ നടപടികള്‍ക്കായി നാട്ടില്‍ പോകണമെന്ന ആഗ്രഹത്തിന് പാസ്‌പോര്‍ട്ട് ഇല്ലാത്തതു കുരുക്കാകുന്നതിന്റെ വേദനയിലാണ് ഈ യുവാവ് ഇപ്പോൾ.