പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്ന് ഹൈക്കോടതി: ‘മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം’

single-img
19 October 2017

കൊച്ചി: മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്ലാ പ്രണയ വിവാഹങ്ങളെയും ഖര്‍വാപ്പസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും കോടതി നിരീക്ഷിച്ചു.

കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുതെന്നും മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനത്തിനിരയായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ പരാതി.