നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി

single-img
19 October 2017

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്രവിവാഹങ്ങളെ ലൗ ജിഹാദും ഘര്‍ വാപസിയും ആയി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ ശ്രുതിയെന്ന യുവതി മര്‍ദ്ദനത്തിനിരയായ് കേസിലാണ് കോടതി നിരീക്ഷണം. ബന്ധുക്കള്‍ തൃപ്പൂണിത്തുറ യോഗ സെന്ററില്‍ പാര്‍പ്പിച്ച കണ്ണൂര്‍ സ്വദേശി ശ്രുതിയെ അനീസ് വിവാഹം ചെയ്തത് ലൗ ജിഹാദായി വ്യാഖ്യാനിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.

ശ്രുതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ നേരത്തെ തന്നെ കോടതി അനുമതി നല്‍കിയിരുന്നു. മിശ്രവിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളെ ജിഹാദി എന്നും ഘര്‍വാപസിയെന്നും വിളിക്കുന്നത് ശരിയല്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും പ്രണയത്തിന് അതിര്‍വരമ്പ് നിശ്ചയിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്രുതിയെ യോഗാ സെന്ററില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അനീസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസില്‍ കക്ഷി ചേരാന്‍ ചെര്‍പ്പുളശ്ശേരി സ്വദേശി ആതിരയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും നല്‍കിയ അപേക്ഷ കോടതി തള്ളി. യോഗ കേന്ദ്രത്തിലെ പീഢനം സംബസിച്ച തൃശൂര്‍ സ്വദേശിനി ശ്വേതയുടെ ഹര്‍ജി പരിഗണിക്കവേ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.

കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും ശ്വേത കോടതിയില്‍ അറിയിച്ചു. എന്നാല്‍ നിലവിലെ അന്വേഷണം ഫലപ്രദമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.