മുരുകന്റെ മരണം: മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് പോലീസ് കോടതിയില്‍; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കും

single-img
19 October 2017

തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പൊലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സംഭവത്തില്‍ വീഴ്ച പറ്റിയതായാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നതിന് വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു. കേസില്‍ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് സമയം ആവശ്യപ്പെട്ടു. ഇതോടെ കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.