സൗദിയിൽ ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട്​ നിക്ഷേപം വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു

single-img
19 October 2017

 

രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എൻആർഐ അക്കൗണ്ട്​ നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇന്ത്യൻ എൻഫോഴ്സ്മെൻറ്​ ഡയറക്ടറേറ്റിന്‍റെ അഭ്യർഥനയെ തുടർന്നാണ്​ നടപടി.

 

കഴിഞ്ഞ നാലുവർഷത്തിനിടയിൽ സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ്​ പരിശോധിക്കുന്നത്​. ഇത്തരം അക്കൗണ്ടുകൾ കുറച്ചുകാലമായി ഇന്ത്യൻ ധനകാര്യ ഏജൻസികൾ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക രംഗത്ത്​ അടുത്തിടെ ഉണ്ടായ പരിഷ്കരണ നടപടികളുടെ തുടർച്ചയായാണ്​ എൻആർഐ അക്കൗണ്ടുകളും പരിശോധിച്ചത്​.

 

ഇടപാടുകളിൽ വ്യക്തത കുറവുള്ള അക്കൗണ്ടുകളുടെ ​സ്രോതസ്​ ഉറപ്പുവരുത്താനാണ്​ ബന്ധപ്പെട്ട രാജ്യങ്ങളുടെ സഹായം തേടുന്നത്​. പരിശോധിച്ച അക്കൗണ്ടുകളിൽ 2000 ഓളം എണ്ണത്തിന്‍റെ വിവരങ്ങൾ കണ്ടെത്തി നൽകാനാണ്​ സൗദിയോട്​ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്​. അനുകൂലമായി പ്രതികരിച്ച സൗദി വാണിജ്യമന്ത്രാലയം അക്കൗണ്ട്​ ഉടമകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക്​ സർക്കുലർ അയക്കുകയായിരുന്നു. വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം നടന്നതായി തെളിഞ്ഞാൽ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

 

സൗദിയിലെ നിയമ നടപടികൾക്ക്​ ശേഷമേ ഇവരെ ഇന്ത്യക്ക്​ കൈമാറുകയുള്ളുവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു​. ഇത്തരം ഇടപാടുകൾക്ക്​ കൂട്ടു നിന്നവരിൽ സ്വദേശികൾ ഉണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും.