റഫാല്‍ അഴിമതി :ഖത്തര്‍ വിമാനം വാങ്ങിയത് ഇന്ത്യക്ക് ലഭിച്ചതിന്റെ പകുതിയില്‍ താഴെ വിലക്ക്

single-img
9 December 2017

ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതു വീണ്ടും വിവാദത്തിൽ.കഴിഞ്ഞ ദിവസം 12 റാഫല്‍ വിമാനങ്ങള്‍ ഖത്തര്‍ വാങ്ങാന്‍ ധാരണയായത് ഇന്ത്യയെക്കാള്‍ കുറഞ്ഞവിലയ്ക്കാണ്. ഇതോടെ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം.

റഫാല്‍ വിമാനങ്ങള്‍ മുന്‍പു വാങ്ങിയ രണ്ടു രാജ്യങ്ങള്‍ ഈജിപ്തും ഖത്തറുമാണ്. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചിലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തര്‍ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങള്‍ വാങ്ങി.– ഒരു വിമാനവില 26.2 കോടി യൂറോ. എന്നാല്‍ ഖത്തര്‍ ഇപ്പോള്‍ 12 വിമാനങ്ങള്‍ കൂടി വാങ്ങിയപ്പോള്‍ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.രണ്ടാം ഘട്ടത്തില്‍ വാങ്ങുമ്പോള്‍ വില അല്‍പം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നല്‍കേണ്ടി വന്നത് ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടും.