സുരഭിക്ക് പാസ് വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്ന് കമല്‍; നടിയെ പിന്തുണച്ച് നടന്‍ ജോയ് മാത്യു

single-img
10 December 2017

ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ തന്നെയും തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തെയും അവഗണിച്ചുവെന്ന സുരഭിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍.

സുരഭി ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് കമല്‍. പറഞ്ഞു. സുരഭിയ്ക്കായി പാസ് തയാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള.

മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനുമൊക്കെ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ മേളയില്‍ ആദരിച്ചിട്ടില്ലല്ലോ എന്നും കമല്‍ ചോദിച്ചു. ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും ക്ഷണപ്രകാരം വന്നവരല്ലെന്നും മത്സര വിഭാഗത്തില്‍ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ റൂള്‍സ് അനുവദിക്കാത്തതിനാലാണ് ‘ മിന്നാമിനുങ്ങ്’ മേളയില്‍ ഇല്ലാതെ പോയതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില്‍ സുരഭിക്ക് കട്ട സപ്പോര്‍ട്ടുമായി നടന്‍ ജോയ് മാത്യു രംഗത്തെത്തി. ദേശീയ അവാര്‍ഡ് നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട എന്നായിരുന്നു ജോയ് മാത്യുവിന്റെ എഫ്ബി പോസ്റ്റ്.