ഗുജറാത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്: ആറാം തവണയും ബിജെപി അധികാരത്തിലേക്ക്

single-img
18 December 2017

കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ ഗുജറാത്തില്‍ ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്.

നിലവില്‍ 110 സീറ്റില്‍ ബിജെപിയും 71 സീറ്റില്‍ കോണ്‍ഗ്രസും ഒരിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ (115) കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കിലും, അവര്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

110 സീറ്റുകളിലാണ് അവര്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റില്‍ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി. ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോക്കം പോയെങ്കിലും, രാഷ്ട്രീയപരമായി വന്‍ നേട്ടമാണ് അവര്‍ ഈ തിരഞ്ഞെടുപ്പിലൂടെ കൈവരിച്ചിരിക്കുന്നത്.

കടുത്ത മല്‍സരം കാഴ്ചവച്ച കോണ്‍ഗ്രസ് നിലവില്‍ 71 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്‍പ് മോര്‍ച്ച ഒരിടത്തും ലീഡ് ചെയ്യുകയാണ്.